കായംകുളം: മൾട്ടിപ്ലക്സ് തിയറ്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായില്ല. 2012ൽ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ സാംസ്കാരിക മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് വസ്തു നൽകിയാൽ കായംകുളത്ത് സർക്കാർ പണംമുടക്കി തിയറ്റർ പണിതു നൽകാം എന്ന് പ്രഖ്യാപിച്ചത്. അഞ്ചു വർഷം കഴിഞ്ഞ് നഗരസഭ സ്ഥലം നൽകിയതോടെ തിയറ്ററിന്റെ പ്ലാൻ അംഗീകരിച്ച്, നിർമാണം ആരംഭിച്ചിട്ട് എട്ടു വർഷം പിന്നിടുന്നു. മൂന്ന് തിയറ്ററുകളും വ്യാപാര സമുച്ചയവും അടങ്ങുന്ന തിയറ്റർ കോംപ്ലക്സിന്റെ സ്ട്രക്ചറൽ വർക്കുകൾ പൂർത്തിയായെങ്കിലും എന്ന് നിർമാണം പൂർത്തിയാകുമെന്ന് പറയാൻ പറ്റാത്ത നിലയിലാണ് ഇപ്പോഴത്തെ പ്രവൃത്തികൾ നീങ്ങുന്നത്. പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ എല്ലാം പൂർത്തിയാകാനുണ്ട് . 32,000 ചതരശ്ര അടി വിസ്തീർണത്തിൽ 15.03 കോടി രൂപ വിനിയോഗിച്ച് കേരള സംസ്ഥാന ചലചിത്ര വികസന കോർപറേഷനാണ് തിയറ്ററുകൾ നിർമിക്കുന്നത് .
തിയറ്റർ ഒന്നിൽ 200ഉം മറ്റ് രണ്ടെണ്ണത്തിൽ 152 വീതവും ഇരിപ്പിടങ്ങളാണ് സജ്ജമാക്കുന്നത്. 4 കെ പ്രൊജക്ടർ, ഡോൾബി അറ്റ്മോസ്റ്റ് സൗണ്ട് സിസ്റ്റം, സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, വ്യാപാര സ്ഥാപനങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, നൂറോളം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയാണ് കോപ്ലക്സിലുള്ളത്.
ആറു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് 2025ൽ അധികൃതർ വ്യക്തമാക്കിയെങ്കിലും നിർമാണം എങ്ങുമെത്തിയിട്ടില്ല.
കെഎസ്ആർടിസി ഡിപ്പോയ്ക്കു പടിഞ്ഞാറ് ഭാഗത്തു നഗരസഭ വിട്ടുനൽകിയ 77 സെന്റ് സ്ഥലത്താണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്. 2017 സെപ്റ്റംബറിലാണ് മൾട്ടിപ്ലക്സ് തിയറ്റർ നിർമിക്കാൻ കായംകുളം നഗരസഭയുടെ സ്ഥലം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനു പാട്ടത്തിനു നൽകി സർക്കാർ ഉത്തരവിറക്കിയത്.